Psalms 29

ദാവീദിന്റെ ഒരു സങ്കീർത്തനം.

1ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക,
യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക.
2യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;
യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.

3യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു;
മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു,
യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു.
4യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്;
യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്.
5യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു
യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.
6അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു,
ശിര്യോനെ
അതായത്, ഹെർമോൻ പർവതത്തെ
ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും.
7യഹോവയുടെ ശബ്ദം
അഗ്നിജ്വാലകളെ ഉതിർക്കുന്നു
8യഹോവയുടെ ശബ്ദം മരുഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു;
യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.
9യഹോവയുടെ ശബ്ദം വന്മരങ്ങളെ ചുഴറ്റുന്നു
അഥവാ, ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു

വനത്തെ തോലുരിച്ച് നഗ്നമാക്കുന്നു.
കർത്താവിന്റെ ആലയത്തിൽ എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു.

10യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു
യഹോവ എന്നേക്കും രാജാവായി വാഴുന്നു.
11യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു;
യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.
Copyright information for MalMCV